Saturday, 11 September 2021

Grandma story

അച്ഛൻ ഉമ്മറത്തിണ്ണയിലിരുന്ന്‌ നാലുംകൂട്ടി മുറുക്കി ഉറക്കെ ശ്ലോകം ചൊല്ലി. അമ്മ അതേറ്റുചൊല്ലി. ചുവന്ന പൂക്കൾ കൊണ്ട് മുറ്റം നിറഞ്ഞു. ഞങ്ങൾ ആ പൂക്കൾക്കിടയിലൂടെ ഓടിക്കളിച്ചു. "സുകൃതക്ഷയം സുകൃതക്ഷയം" തെക്കേവരാന്തയിൽ കാലുംനീട്ടിയിരുന്ന് നാമം ചൊല്ലുന്നതിനിടയിൽ മുത്തശ്ശി പുലമ്പി. "എന്താ മുത്തശ്ശി സുകൃതക്ഷയം?" ഓപ്പോൾ ഒന്നു നിന്നിട്ട് കിതപ്പോടെ ചോദിച്ചു. "ഒന്നോളമായ പെണ്ണ് സന്ധ്യക്ക്‌ മുറ്റത്തിനു ചുറ്റും ഇങ്ങനെ ഓടികളിക്കണത് തന്നെ." മുത്തശ്ശി കളിയായി പറഞ്ഞു. ഓപ്പോൾക്കു പന്ത്രണ്ടു വയസ്സ് കഴിഞ്ഞു. മുത്തശ്ശി യുടെ ഭാഷയിൽ കുഞ്ഞുകളികളൊക്കെ നിർത്തി, വീട്ടുപണികളൊക്കെ പഠിച്ച്, എന്നും കാച്ചെണ്ണയും ചെറുപയറും തേച്ചു കുളിച്ച്, നൃത്തം ചെയ്തോതുങ്ങിയ ശരീരവുമായി ഒരു നല്ല ഭർത്താവിനെ കാത്തിരിക്കേണ്ട സമയം. "എന്ന്വച്ചാ മുത്തശ്ശീം കൂടിക്കോ ... " മുഖം വക്രിച്ച് വിളിച്ചു പറഞ്ഞിട്ട് അവൾ ഓടിപ്പോയി. കുട്ടൻ വരാന്തയിൽ കയറി മുത്തശ്ശിക്കൊപ്പം ഇരുന്നു. മുത്തശ്ശി ഉമ്മറമുറ്റത്തേക്ക് എത്തിനോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു . "നിന്റെ അമ്മയ്ക്കു നാണം അശേഷം ഇല്ലാതായിരിക്കണൂ. വിളക്കു വയ്ക്കാൻ നേരത്തല്യോ അവരുടെ ഒരു കൊച്ചുവർത്താനോം ശ്രുങ്കാരോം ... ആണുങ്ങൾക്ക് വിവരമില്ലാച്ചാലും പെണ്ണുങ്ങൾക്ക് വേണ്ടേ ? മക്കള് മൂന്നായി, ഇപ്പഴും കൊച്ചുകുട്ടിയാണെന്നാ വിചാരം." മുത്തശ്ശി നെടുവീർപ്പിട്ടു. മുത്തശ്ശി അങ്ങനെയാണ് . എപ്പോഴും അമ്മയെക്കുറിച്ച് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അച്ഛനും അമ്മയും ഒന്നിച്ചിരിക്കുന്നതു കാണുന്നതാണ് മുത്തശ്ശിയുടെ ഏറ്റവും വലിയ വിഷമം. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കൃമികടി. മുത്തശ്ശിയുടെ ഭർത്താവ് , അതായതു എന്റെ മുത്തച്ഛൻ, അച്ഛന്റെ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. തനിക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുന്നതിന്റെ അസൂയയാണതെന്നാണ് അമ്മയുടെ ഭാഷ്യം. മുത്തശ്ശി നാമജപമൊക്കെ മറന്ന് പറഞ്ഞു തുടങ്ങി. "അന്നൊക്കെ പെങ്കുട്ട്യോൾക്ക് എന്ത് അടക്കവും ഒതുക്കവുമാർന്ന്. ആണുങ്ങൾ ഇരിക്കുമ്പോ ഉമ്മറത്തോട്ട് പോകാൻ പോലും ഭയക്കും. ഭർത്താക്കന്മാരെ ദൈവത്തെപ്പോലെ കരുതും. ഇങ്ങനെ കൊഞ്ചലും കുഴയലുമൊന്നും പാടില്ല്യാ. പതിനഞ്ചു തികഞ്ഞന്നായിരുന്നു എന്റെ പുടമുറി. പേടിയാർന്നു എനിക്ക്. ഭരാമൻ ഉണ്ടായിക്കഴിഞ്ഞാണ് ആ മുഖത്ത് ശരിക്കൊന്നു നോക്കിയതന്നെ. "മുത്തച്ഛനെ എങ്ങന്യാ പാമ്പു കടിച്ചത്?" പലവട്ടം കേട്ടു തഴമ്പിച്ചതാണെങ്കിലും കുട്ടൻ വീണ്ടും ചോദിച്ചു. "സർപ്പകോപം അല്ലാണ്ടെന്ത്? കാവൊക്കെ കാരണവന്മാർ വിറ്റു തുലച്ചില്ലേ? അതിന്റെ ശിക്ഷ്യാ. രാമനും.... " മുത്തശ്ശി എന്തോ അബദ്ധം പറഞ്ഞപോലെ പകുതിയിൽ നിർത്തി. "വല്യച്ഛൻ ഇനി എന്നാ മുത്തശ്ശീ വരണത് ? " രാമൻ എന്നു കേട്ടപ്പോൾ കുട്ടൻ വേഗം ചോദിച്ചു. വല്യച്ഛൻ സന്യാസം സ്വീകരിച്ച് ഉത്തരേന്ത്യയിലെങ്ങോ ആണത്രെ... മുത്തശ്ശിയുടെ മുഖം മങ്ങി. തെക്കേതൊടിയിലെ തെങ്ങുംതോപ്പിലേക്ക് കുറേനേരം മൗനമായി നോക്കിയിരുന്ന ശേഷം ഒരു നെടുവീർപ്പോടെ പറഞ്ഞു. "സന്യാസികൾ തിരിച്ചു വരാറില്ല കുട്ട്യേ ... അവർ വീടുവിട്ടുപോകുന്നത് എന്നേക്കുമായാണ്." മുത്തശ്ശിയുടെ പഴങ്കഥകൾ കേൾക്കാൻ എനിക്കിഷ്ടമാണ്. എത്ര നേരം വേണമെങ്കിലും പഴയകാര്യങ്ങൾ പറഞ്ഞു മടുപ്പിക്കാതിരിക്കും. നാട്ടുകാരുടെ മുഴുവൻ ചരിത്രങ്ങളും മുത്തശ്ശിക്കറിയാം. യക്ഷി, ബ്രഹ്മരക്ഷസ്സ് , മാടൻ , മറുത, നീലി, ചാത്തൻ തുടങ്ങിയവയുടെ പേടിപ്പിക്കുന്ന കഥകളും. രാത്രിയിൽ തനിച്ചു കിടക്കാൻ പേടിയാണെങ്കിലും പകൽ അതൊക്കെ കേൾക്കാൻ എനിക്കിഷ്ടമാണ്. ചിലപ്പോഴൊക്കെ മൂത്രമൊഴിക്കാൻ മുറ്റത്തിറങ്ങാൻ പേടിച്ച് കിടന്നുപെടുക്കും. അന്ന് അമ്മയുടെ വക നുള്ളും ശകാരോം എനിക്കും, കുത്തുവാക്കുകൾ മുത്തശ്ശിക്കും കിട്ടും. പക്ഷെ വല്യച്ഛന്റെ കാര്യം പറയുമ്പോൾ മാത്രം മുത്തശ്ശി സംസാരം നിർത്തും. അകലേക്കു നോക്കി വെറുതെ ഇരിക്കും. മുഖമാകെ വലിഞ്ഞു മുറുകും. കുട്ടൻ മെല്ലെ എഴുന്നേറ്റ് ഉമ്മറമുറ്റത്തേക്കു നടന്നു. അമ്മയും മുറുക്കിത്തുടങ്ങിയിരുന്നു. " എനിക്കും വേണം താംബൂലം മുറുക്കാൻ ... " കുട്ടൻ പ്രഖ്യാപിച്ചു. "എനിക്കും" " എനിച്ചും ... " ഓപ്പോളും കുഞ്ഞോളും എന്നെ പിന്താങ്ങി. കുഞ്ഞോൾക്ക് ആറുവയസ്സ് കഴിഞ്ഞു. എന്നിട്ടും ഒന്നും കൊഞ്ചാതെ പറയാൻ കൂടി അറിയില്ല. ഇളയകുട്ടിയായതു കൊണ്ട് അമ്മയും അച്ഛനും കൂടി കൊഞ്ചിച്ചു തലേൽ കേറ്റി വച്ചിരിക്കുകയാണ്. അതിനൊരു പ്രത്യേക കാരണം കൂടി ഉണ്ട്. അവൾ അമ്മയുടെ തനി പകർപ്പാണ്. നല്ല വെളുത്തിട്ടാണ്. കണ്ടാൽ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കും. ഞാനും ഓപ്പോളും അച്ഛനെപ്പോലെ നല്ല ഇരുനിറമാണ്. മുത്തച്ഛനെപ്പോലെയാണ് ഞാനെന്ന് മുത്തശ്ശി എപ്പോഴും പറയും. അതുകൊണ്ടുതന്നെ മുത്തശ്ശിക്ക് എന്നോടാണ് ലേശം ഇഷ്ടക്കൂടുതൽ. അച്ഛൻ മൂന്ന് ഇളം വെറ്റില എടുത്ത്, ഞെട്ടു പറിച്ച്, അതിൽ അൽപ്പം ചുണ്ണാമ്പു തേച്ച്, ചെറിയൊരു അടയ്ക്കാകഷണവും വച്ച് ഞങ്ങൾക്ക് തന്നു. ആർക്കാണ് ഏറ്റവും ദൂരേക്കു തുപ്പാനാവുക എന്നു ഞങ്ങൾ പന്തയം വച്ചു. മുറ്റം കുഞ്ഞു കുഞ്ഞു മുറുക്കിത്തുപ്പലുകൾ കൊണ്ട് നിറഞ്ഞു. പകുതി ഇറക്കിയും പകുതി തുപ്പിയുമൊക്കെയായി ഞങ്ങളുടെ താംബൂലം മുറുക്കാൻ വേഗം തീർന്നു. വീണ്ടും അച്ഛന്റെയടുത്ത് കൈ നീട്ടിയെങ്കിലും അമ്മ കണ്ണുരുട്ടിക്കാട്ടി. അപ്പോഴാണ് കാപ്പിത്തളിരും കളിയടക്ക യും കൂട്ടി മുറുക്കി, ചുവന്ന തുപ്പൽ ഉണ്ടാക്കുന്ന ഗൗരി ഓപ്പോൾ പറഞ്ഞു തന്നത്. അതു പറിക്കാനായി കൂടെച്ചെല്ലാൻ അവൾ ആവശ്യപ്പെട്ടു. കുട്ടൻ ചെറിയൊരു പേടിയോടെ തൊടിയിലേക്കു കണ്ണുകളയച്ചു. ചേനയിലകൾ കുടപോലെ വിടർന്നുനിൽക്കുന്ന തൊടിയുടെ അപ്പുറത്തായിരുന്നു തെങ്ങിൻ തോപ്പ്. അതിന്റെ വേലി പലനിറത്തിലുള്ള പൂക്കളുണ്ടാകുന്ന കള്യടക്കയുടെ കമുകിൻ ്ചെടികൾ കൊണ്ടുള്ളതായിരുന്നു. അതിനപ്പുറത്ത് വലിയൊരു നാട്ടുമാവും രണ്ടുമൂന്നു വരിക്ക പ്ലാവുകളും കുറെ കൂഴപ്ലാവുകളും. അതിനുള്ളിൽ കാപ്പിചെടികളുണ്ട്. അപ്പുറം വലിയൊരു പന. അതിനുമപ്പുറം ഇരുട്ടാണ്. പകലും രാത്രിയും... ഞങ്ങൾ കുട്ടികൾ അവിടേക്കു പോകാറേയില്ല. നട്ടുച്ചയ്ക്കും ത്രിസന്ധ്യക്കും രാത്രികാലങ്ങളിലുമൊക്കെ അവിടെ പ്രേതങ്ങൾ സ്വച്ഛവിഹാരം നടത്താറുണ്ടത്രെ... "നിക്കു പേടിയാടീ..." കുട്ടൻ മെല്ലെ പറഞ്ഞു. "ആങ്കുട്ട്യോൾക്ക് പേടീണ്ടാവില്ല. എന്ന്വച്ചാൽ നീ ആങ്കുട്ടി അല്ല." ഓപ്പോൾ കളിയാക്കി. കുട്ടൻ ആൺകുട്ടിയാണെന്നു തെളിയിക്കേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. അതു തന്നെയായിരുന്നു അവൾക്കു വേണ്ടതും. കുട്ടൻ 'അർജുനൻ , ഫൽഗുനൻ' ചൊല്ലിക്കൊണ്ട് ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു. ഒപ്പം ഓപ്പോളും. "എങ്ങട്ടാടീ ഈ അസമയത്ത് ?" മുത്തശ്ശി ഉറക്കെ ചോദിച്ചു. "താംബൂലം മുറുക്കാൻ പറിക്കാൻ ... " ഓപ്പോൾ വിളിച്ചു പറഞ്ഞു. കുട്ടൻ തിരിഞ്ഞു നോക്കാതെ ഓട്ടം തുടർന്നു. "ത്രിസന്ധ്യയ്ക്കണോടി അങ്ങട്ടൊക്കെ പോണത് ?" മുത്തശ്ശി പുറകിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. കുട്ടൻ കേൾക്കാത്ത മട്ടിൽ ഓടി. ഇരുട്ടു കണ്ടപ്പോൾ എന്റെ പേടി കൂടി. ഓപ്പോൾ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തോടെ വീണ്ടും ഓടി. ഓടിയോടി തെങ്ങിൻതോപ്പിലെത്തി കൊങ്ങിണിത്തലപ്പുകളിൽ എത്തിപ്പിടിച്ച് കായകൾ പറിച്ചു തുടങ്ങി. പഴുത്ത കളിയടക്കകൾ പാമ്പുകൾക്ക് വലിയ ഇഷ്ടമാണ്. ( ഓരോ വിശ്വാസങ്ങൾ ( അന്ധ )) അവ ആവശ്യത്തിന് തിന്നിട്ട് വേറാരും തിന്നാതിരിക്കാൻ ഊതിവയ്ക്കും. പാമ്പൂതിയ കായകൾ കണ്ടാലറിയാം. ഒരുവശം അകത്തേയ്ക്കു ചളുങ്ങിയിരിക്കും. കുട്ടൻ അരണ്ട വെളിച്ചത്തിൽ ചളുക്കമില്ലാത്ത കായകൾ നോക്കിപ്പറിച്ചു. പെട്ടെന്നാണ് തൊട്ടപ്പുറത്തു നിന്ന് ആരോ ' ശൂ ശൂ ' എന്നു വിളിച്ചത്. "നിയ്യാ ഒച്ച കേട്ടോടി? പാമ്പാണന്നു തോന്നണു" കുട്ടൻ ഓപ്പോൾക്കു നേരെ തിരിഞ്ഞു. അവൾ നിന്നു എന്നു കുട്ടൻ കരുതിയ സ്ഥലം ശൂന്യമായിരുന്നു. വഴിയിലെവിടെയോ വച്ച് അവളെന്നെ ചതിച്ചു പിന്മാറിയിരുന്നു. ഒറ്റക്കാണെന്ന തോന്നലിൽ എന്റെ തൊണ്ട വരണ്ടു. കൈകാലുകൾ വിറച്ചു. ശബ്ദം കേട്ട സ്ഥലത്തേക്ക് കുട്ടൻ പാളിനോക്കി. കറുത്ത ആജാനബാഹുവായ ഒരു രൂപം തൊട്ടപ്പുറത്തെ കാപ്പിച്ചെടിയിലിരുന്ന് എന്നെ ഉറ്റുനോക്കി. ഉറക്കെ അട്ടഹസിച്ചു. അതിന്റെ കറപിടിച്ച നീണ്ട പല്ലുകൾ തിളങ്ങുന്നുണ്ടായിരുന്നു. നീണ്ടു വളഞ്ഞ നഖങ്ങളുള്ള കൈ കൊണ്ട് അയാൾ കാപ്പിയിലകൾ പറിച്ച് എന്റെ നേർക്കെറിഞ്ഞു. കുട്ടൻ അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കാതെ ഓടി. ചേനച്ചെടികളിൽ തട്ടി മറിഞ്ഞു വീണു. ചാടിയെഴുന്നേറ്റ് വീണ്ടും ഓടി. ഓടിയോടിയെപ്പോഴോ ബോധം മറഞ്ഞ് താഴെ വീണു. ഉണർന്നപ്പോൾ തലയ്ക്കൽ അച്ഛനും അമ്മയും മുത്തശ്ശിയുമുണ്ടായിരുന്നു. മുത്തശ്ശിയുടെ മുഖം വിളറിവെളുത്തിരുന്നു. പാവം ശരിക്കും പേടിച്ചു പോയി. പിറ്റേന്ന് തന്നെ ഒരു കർമ്മിയെ വിളിച്ച്‌ ചില കർമ്മങ്ങളൊക്കെ ചെയ്തു. കയ്യിൽ രക്ഷ ജപിച്ചു കെട്ടി. മാടനെയും മറുതയേയും പറമ്പിൽ വിലക്കി. ദുർമ്മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക പൂജകൾ ചെയ്തു. ഇനി തനിയെ എങ്ങും പോകണ്ട എന്നു കൽപ്പിച്ചു. അന്നുമുതൽ എന്നും ഉറക്കത്തിൽ ആജാനുബാഹുവായ ഒരു രൂപം മുറിയിൽ കടന്നു വന്നു. കാൽക്കൽ നിന്ന് എന്നെ ഉറ്റുനോക്കി. ചിലപ്പോഴൊക്കെ ആ കണ്ണുകൾ ക്രൗരം നിറഞ്ഞതായിരുന്നു. ചിലപ്പോഴൊക്കെ അതിൽ നിന്നു വാത്സല്യപ്പുഴകളൊഴുകി. കാലങ്ങൾ കടന്നു പോയി. കുട്ടൻ വളർന്നുവലുതായി. മൂക്കിനു താഴെ രോമങ്ങൾ വളർന്നു City ലുള്ള കോളേജിൽ പോയിത്തുടങ്ങി. ലോകം മാറ്റിമറിക്കണമെന്ന ആവേശമുണ്ടായി. സന്ധ്യാസമയങ്ങളിൽ ലൈബ്രറിയിലും ചായക്കടയിലും കലുങ്കികിൻപുറത്തുമൊക്കെ സാഹിത്യവും രാഷ്ട്രീയവും പറയാൻ സുഹൃത്തുക്കൾക്കൊപ്പം കൂടി. അവരിൽ നിന്ന് തറവാടിനെക്കുറിച്ചുള്ള പല കറുത്ത സത്യങ്ങളും കുട്ടൻ മനസ്സിലാക്കി. അതിലൊന്നായിരുന്നു വല്യച്ഛന്റെ സന്യാസം എന്ന വലിയ നുണ. പഠിക്കാനും സാമൂഹികകാര്യങ്ങളിലുമൊക്കെ മിടുക്കനായിരുന്ന വല്യച്ഛൻ കോളേജ് ചെയർമാൻ ആയിരുന്നത്രേ. രാഷ്ട്രീയം കളിച്ച് ലക്‌ഷ്യം മറന്നുപോയി. പകയുടെ ഇരയായി. പാർട്ടി ഓഫീസിൽ നിന്ന് രാത്രി നടന്നു വരുംവഴി മുഖം മൂടികൾ തലക്കടിച്ചു വീഴ്ത്തി. തലച്ചോറിൽ രക്തമിറങ്ങി ഭ്രാന്തായി. ഒരുപാട് ചികിൽസിച്ചു. കുറയാതെ വന്നപ്പോൾ ഏതോ ഭ്രാന്താശുപത്രിയിൽ കൊണ്ടുചെന്നാക്കി. ഒരിക്കൽ അവിടെ നിന്നു ചാടി വീട്ടിലെത്തി. നാട്ടിലൂടെ തുണിയില്ലാതെ നടന്നു. വല്യമ്മാവന്റെ മകൾ സുമിത്ര ച്ചിറ്റയെ കയറിപ്പിടിച്ചു. ചിറ്റയുടെ ഭർത്താവിനെ അടിച്ചുവീഴ്ത്തി. പിന്നീട് എങ്ങോട്ടോ പുറപ്പെട്ടുപോയി. പത്തുപന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു. എവിടെയാണെന്ന് ആർക്കുമറിയില്ല. പാവം മുത്തശ്ശി ...വല്യച്ഛന്റെ കാര്യം പറയുമ്പോഴുള്ള മൗനവും ആ കണ്ണുകളിലെ നൊമ്പരവും എന്താണെന്ന് അന്നെനിക്കു മനസ്സിലായി. ഭ്രാന്തനാണെങ്കിലും മകനല്ലേ? എവിടെയാണെന്നോർത്താവാം മുത്തശ്ശിയുടെ ആധി മുഴുവൻ. ഞങ്ങളോടു പറഞ്ഞ കള്ളക്കഥ ഒരമ്മയുടെ മകനെക്കുറിച്ചുള്ള ആഗ്രഹമായിരിക്കാം. ഒരുപക്ഷേ എന്നെങ്കിലുമൊരിക്കൽ നീട്ടിവളർത്തിയ മുടിയും താടിയുമായി കാക്ഷായവസ്ത്രം ധരിച്ചൊരാൾ പടിപ്പുര കടന്നു വന്നേക്കാം. ആ ദിവസത്തിനു വേണ്ടിയാവാം മുത്തശ്ശി മരിക്കാതെ കാത്തുകിടക്കുന്നത്. ഒരുനാൾ മുറിയിൽ ചെന്നപ്പോൾ മുത്തശ്ശി എന്നെ അരികിൽ വിളിച്ചു. മുഖത്തേക്ക് ഉറ്റുനോക്കി. കൈ പിടിച്ച് നെഞ്ചോടു ചേർത്തു കരഞ്ഞു. പിന്നെ ചുറ്റും നോക്കി ആരും കേൾക്കുന്നില്ലെന്നുറപ്പ് വരുത്തി വലിച്ചു വലിച്ചു പറഞ്ഞു. "അന്നു നീ കണ്ടത് നിന്റെ വല്യച്ഛനെയാർന്നു... നിന്നെക്കാണാൻ കൊത്യായിട്ട് വന്നു നിന്നതാവും.... അവനെങ്ങും പോയിട്ടില്യ... ആ തൊടിയിലുണ്ട്..... സുമിത്ര യെ കേറിപ്പിടിച്ച രാത്രിയിൽ .... ഞാനാണ്....ഞാനാണ് കൈക്കോട്ടുകൊണ്ട് തലയ്ക്കടിച്ചു കൊന്നത്... അടികൊണ്ടു വീണപ്പോഴും.... എന്റെ കുട്ടി ചിരിക്കയാർന്നു. തറവാട്ടിൽ ചെന്ന്.... ആരുമറിയാതെ ഏട്ടനെ വിളിച്ചുണർത്തി.... വലിച്ചോണ്ടുപോയി തെങ്ങിൻതോപ്പിലു കുഴിച്ചിട്ടു.... ആറാമത്തെ വരിയില് .... എട്ടാമത്തെ ചെന്തെങ്ങ് വളരണത്.... അവന്റെ.... നെഞ്ചിൻകൂടിലാണ്..." മുത്തശ്ശി പൊട്ടിക്കരഞ്ഞു. ആ കണ്ണീർ എന്റെ കൈകളിൽ വീണു പൊള്ളി. മുത്തശ്ശി തുടർന്നു. "അവനെന്നോട്‌ ദേഷ്യോന്നും ണ്ടാവില്ല.... നിക്കറിയാം.... കുട്ടൻ ന്റെ കുട്ട്യേ രക്ഷിക്കയല്ലേ ചെയ്തേ..."

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...